<p>കഴക്കൂട്ടം: പെരുമാതുറയിൽ അക്രമ പരമ്പര നടത്തി ഭീകരാന്തരീക്ഷം സൃഷ്ടിച്ച പ്രതികൾ കഠിനംകുളം പൊലീസിന്റെ പിടിയിലായി. പെരുമാതുറ ഇടപ്പള്ളി തെരുവിൽ തൈവിളാകം വീട്ടിൽ ഷാനു എന്ന് വിളിക്കുന്ന ഷാനി (24), കഠിനംകുളം പുതുക്കുറിച്ചി ഒറ്റപ്പന തെരുവിൽ തൈവിളാകം വീട്ടിൽ നൗഫൽ (24) എന്നിവരെയാണ് സംഭവം നടന്ന് മണിക്കൂറുകൾക്കകം കഠിനംകുളം പോലീസ് വലയിലാക്കിയത്. കഴിഞ്ഞ ദിവസം രാത്രി പെരുമാതുറ പടിഞ്ഞാറേ തെരുവിൽ തൈവിളാകം വീട്ടിൽ ജസീനയുടെ വീടു കയറി ആക്രമിക്കുകയും, പെരുമാതുറ ജംഗ്ഷനിലെ ഫഹദിന്റെ പച്ചക്കറി കടയും, മാടൻവിള സ്വദേശി അഫ്സലിന്റെ കാർ തകർക്കുകയും ചെയ്തു. തുടർന്ന് പെരുമാതുറ പെട്രോൾ പമ്പിലെത്തിയ സംഘം അവിടെയുണ്ടായിരുന്നയാളെ വാളു കൊണ്ട് വെട്ടി പരിക്കേൽപ്പിച്ചു. കഠിനംകുളം സ്റ്റേഷനിലെ രണ്ട് വധശ്രമ കേസിലും വെഞ്ഞാറമൂട് സറ്റേഷനിൽ ഒരു പീഡന കേസിലും പ്രതിയാണ് നൗഫൽ. കഴക്കൂട്ടത്തും കഠിനംകുളത്തും ഷാനിയുടെ പേരിൽ പിടിച്ചുപറി കേസുകളുമുണ്ടെന്നും പൊലീസ് പറഞ്ഞു. കഠിനംകുളം സി.ഐ വിനോദ് കുമാർ, എസ്.ഐമാരായ അഭിലാഷ്, സവാദ് ഖാൻ, കൃഷ്ണപ്രസാദ്, എ.എസ്.ഐ ഷാജി അടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്.</p>
പെരുമാതുറയിൽ അക്രമ പരമ്പര നടത്തി ഭീകരാന്തരീക്ഷം സൃഷ്ടിച്ച പ്രതികൾ പിടിയിൽ





0 Comments